top of page

ഇന്ത്യയുടെ സ്വർണ്ണ കരുതൽ ശേഖരത്തിൽ വൻ വർദ്ധനവ് ; ആർ‌ബി‌ഐക്ക് നിലവിൽ സ്വന്തമായുള്ളത് 9 ലക്ഷം കിലോഗ്രാം സ്വർണം

ന്യൂഡൽഹി : ഇന്ത്യയുടെ സ്വർണ്ണ കരുതൽ ശേഖരത്തിൽ വൻവർദ്ധനവെന്ന് റിപ്പോർട്ട്. രാജ്യത്തിന്റെ മൊത്തം വിദേശനാണ്യ ശേഖരത്തിൽ സ്വർണ്ണത്തിന്റെ പങ്ക് 2025 മാർച്ച് അവസാനം 11.70 ശതമാനമായിരുന്നത് 2025 സെപ്റ്റംബർ അവസാനത്തോടെ ഏകദേശം 13.92 ശതമാനമായി വർദ്ധിച്ചു. കഴിഞ്ഞ 12 മാസത്തിനിടെ റിസർവ് ബാങ്കിന്റെ സ്വർണ്ണ ശേഖരം 25.45 മെട്രിക് ടൺ ആണ് വർദ്ധിച്ചിട്ടുള്ളത്.


2025 സെപ്റ്റംബർ വരെയുള്ള കണക്കനുസരിച്ച് റിസർവ് ബാങ്കിന്റെ കരുതൽ സ്വർണ്ണശേഖരം 880 മെട്രിക് ടണ്ണായി (ഏകദേശം 9 ലക്ഷം കിലോഗ്രാം) ഉയർന്നിട്ടുണ്ട്. ചൊവ്വാഴ്ച പുറത്തിറക്കിയ അർദ്ധവാർഷിക റിപ്പോർട്ടിൽ ആണ് ആർബിഐ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കരുതൽ സ്വർണ്ണ ശേഖരത്തിൽ 575.82 മെട്രിക് ടൺ സ്വർണ്ണ ശേഖരം ഇന്ത്യ ആഭ്യന്തരമായി സൂക്ഷിച്ചിരിക്കുകയാണ്. 290.37 മെട്രിക് ടൺ സ്വർണം ബാങ്ക് ഓഫ് ഇംഗ്ലണ്ട് (BoE), ബാങ്ക് ഫോർ ഇന്റർനാഷണൽ സെറ്റിൽമെന്റ്സ് (BIS) എന്നിവയിൽ സൂക്ഷിച്ചിരിക്കുകയാണ്. 13.99 മെട്രിക് ടൺ സ്വർണ്ണം റിസർവ് ബാങ്ക് നിക്ഷേപമായി സൂക്ഷിക്കുകയും ചെയ്യുന്നു.

Comments


bottom of page