top of page

ഒടുവിൽ രാഹുൽ ഈശ്വർ പുറത്തേക്ക്! സൈബർ അധിക്ഷേപ കേസിൽ ജാമ്യം

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിയെ സൈബർ അധിക്ഷേപം നടത്തിയ കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചു. കേസിൽ അറസ്റ്റിലായി 16 ദിവസത്തെ റിമാൻഡിലായിരുന്ന രാഹുൽ ഈശ്വറിന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഉപാധികളോടെയുള്ള ജാമ്യം. രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച വാദം പൂർത്തിയായിരുന്നു. തുടർന്ന് ഉച്ചയ്ക്കുശേഷമാണ് കോടതി ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്.


രാഹുൽ ഈശ്വർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യഹർജിയെ ശക്തമായി എതിർത്തിരുന്നു. കേസിൽ കൂടുതൽ തെളിവെടുപ്പിനായി രണ്ടു ദിവസത്തെ കസ്റ്റഡി വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.


എന്നാൽ, രാഹുൽ ഈശ്വർ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും 16 ദിവസമായി റിമാൻഡിൽ തുടരുകയാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഇത്രയും ദിവസത്തിനുശേഷം എന്തിനാണ് വീണ്ടും കസ്റ്റഡി ആവശ്യമുള്ളതെന്ന കോടതിയുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. വാദത്തിനൊടുവിൽ വിധി പറയാനായി മാറ്റിയ കേസിൽ ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. ഈ കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും.


Comments


Commenting on this post isn't available anymore. Contact the site owner for more info.
bottom of page