കൊല്ലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയുടെ മകന്റെ കാറിടിച്ച് ഉണ്ടായ അപകടം: 13-കാരിയുടെ നില ഗുരുതരം
കൊല്ലത്ത് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് രണ്ട് കായിക താരങ്ങൾക്ക് പരിക്കേറ്റ സംഭവത്തിൽ ഒരാളുടെ നില ഗുരുതരം. ഹോക്കി സ്റ്റേഡിയത്തിൽ പരിശീലനം കഴിഞ്ഞ് ലിങ്ക് റോഡിലൂടെ മടങ്ങുകയായിരുന്ന ധനലക്ഷ്മി (16), ചിന്നുലക്ഷ്മി (13) എന്നീ കുട്ടികളെയാണ് അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചത്.
ഇതിൽ 13 വയസ്സുകാരിയായ ചിന്നുലക്ഷ്മിയുടെ നില ഗുരുതരമായി തുടരുന്നു. ആന്തരിക രക്തസ്രാവത്തെ തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് കുട്ടിയെ വിധേയയാക്കിയിരിക്കുകയാണ്. കുട്ടി നിലവിൽ വെന്റിലേറ്ററിലാണ്.
ഇന്നലെയാണ് സംഭവം നടന്നത്. ഹോക്കി സ്റ്റേഡിയത്തിൽ പരിശീലനം കഴിഞ്ഞ് ലിങ്ക് റോഡ് വഴി പോകുകയായിരുന്നു കുട്ടികളെ അമിതവേഗത്തിലെത്തിയ കാർ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ റോഡരികിലെ കൈവരി തകർന്നു രണ്ട് കുട്ടികളും അഷ്ടമുടി കായലിലേക്ക് വീഴുകയും ചെയ്തു.
കൊല്ലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണയുടെ മകന്റെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് കാറിൽ നാല് കെഎസ്‌യു പ്രവർത്തകർ ഉണ്ടായിരുന്നു. ബിന്ദു കൃഷ്ണയുടെ മകൻ കാറിൽ ഉണ്ടായിരുന്നില്ല. പ്രവർത്തകർ തിരഞ്ഞെടുപ്പ് കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങുകയായിരുന്നു.




Comments