top of page

ശബരിമല നെയ്‌ക്കൊള്ള! ദേവസ്വം ജീവനക്കാർക്ക് 20 ലക്ഷത്തിന്റെ വിഹിതം; വിജിലൻസ് അന്വേഷണം അവസാന ഘട്ടത്തിൽ

1 hour ago
1 min read

തിരുവനന്തപുരം: ശബരിമലയിലെ 11,000 കിലോഗ്രാം മിൽമ നെയ്യ് തട്ടിപ്പ് കേസിൽ നിർണായക വിവരങ്ങൾ വിജിലൻസ് അന്വേഷണ സംഘം കണ്ടെത്തി. നെയ്യ് മറിച്ച് വിറ്റ് കിട്ടിയ 50 ലക്ഷം രൂപയിൽ 20 ലക്ഷം രൂപ ദേവസ്വം ജീവനക്കാർക്ക് വീതിച്ചു നൽകിയതായി വിജിലൻസ് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. തട്ടിപ്പിന്റെ പ്രധാന ആസൂത്രകനും കരാറുകാരനുമായ എസ്.എസ്. ബിനുവാണ് ഈ തുക ഉദ്യോഗസ്ഥർക്ക് കൈമാറിയത്.

കേസുമായി ബന്ധപ്പെട്ട് കരാറുകാരൻ ബിനുവിനെ കൂടാതെ സന്നിധാനത്തിലെ നെയ്യ് സ്റ്റോർ കീപ്പറായ ജയലാലിനെയും വിജിലൻസ് അറസ്റ്റ് ചെയ്തു. പമ്പയിലേക്ക് കൊണ്ടുവന്ന നെയ്യ് മറിച്ചുവിറ്റ ശേഷം രേഖകളിൽ കൃത്രിമത്വം കാട്ടുകയാണ് പ്രതികൾ ചെയ്തത്. ജയലാലിനെ ചോദ്യം ചെയ്തതിൽ നിന്നും തട്ടിപ്പിൽ കൂടുതൽ ജീവനക്കാർക്ക് പങ്കുള്ളതായി തെളിഞ്ഞിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടനുണ്ടാകും. അതേസമയം, കേസിന്റെ എഫ്.ഐ.ആറിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗം അജികുമാർ എന്നിവർ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഇവർക്കെതിരെയുള്ള തെളിവുകൾ വിജിലൻസ് ശേഖരിച്ചു വരികയാണ്. മോഷ്ടിച്ച നെയ്യ് വാങ്ങിയ തമിഴ്‌നാട്ടിലെ കമ്പനി ഉടമകളെയും കേസിൽ പ്രതി ചേർക്കാൻ വിജിലൻസ് നീക്കം ആരംഭിച്ചിട്ടുണ്ട്. നിലവിൽ അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് വിജിലൻസ് അറിയിച്ചു.


Comments


Commenting on this post isn't available anymore. Contact the site owner for more info.
bottom of page