ഇന്ത്യയിൽ ജീവിക്കണമെങ്കിൽ വന്ദേ മാതരം നിർബന്ധം; സ്കൂളുകളിലും മദ്രസകളിലും കർശന നിർദ്ദേശവുമായി സുവേന്ദു അധികാരി
കൊൽക്കത്ത: പശ്ചിമബംഗാളിലെ സ്‌കൂളുകളിലും മദ്രസകളിലും ദേശീയഗീതം ആലപിക്കുന്നത് നിർബന്ധമാക്കിയ തീരുമാനത്തിൽ ഉറച്ചുനിന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. ഈ രാജ്യത്ത് ജീവിക്കണമെങ്കിൽ വന്ദേ മാതരവും ജനഗണമനയും ആലപിച്ചേ തീരൂവെന്ന് അദ്ദേഹം വ്യക്തമാക്കി. അധികാരമേറ്റെടുത്തതിന് പിന്നാലെ സ്കൂൾ അസംബ്ലികളിൽ ദേശീയഗീതം പൂർണ്ണമായി ആലപിക്കണമെന്നത് സർക്കാർ തീരുമാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു.
സർക്കാർ തീരുമാനത്തിന് പിന്നാലെ ഓൾ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ് ആശങ്കയുമായി രംഗത്തെത്തിയിരുന്നു. ഈ തീരുമാനം പിൻവലിക്കണമെന്നും അല്ലെങ്കിൽ ഇതിൽ നിന്നും മുസ്ലീം വിദ്യാർത്ഥികളെ ഒഴിവാക്കണമെന്നും ബോർഡ് ആവശ്യപ്പെട്ടു. മതവിശ്വാസങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ ചൊല്ലാൻ വിദ്യാർത്ഥികളെ നിർബന്ധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ബോർഡ് അധ്യക്ഷൻ ഡോ. എസ്.ക്യു.ആർ. ഇല്യാസ് ചൂണ്ടിക്കാട്ടി.

വന്ദേ മാതരം ഇന്ത്യൻ സംസ്കാരമാണെന്നും ഇത് സനാതന സംസ്കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഹിന്ദുസ്ഥാനെന്നും ഇന്ത്യയെന്നും അറിയപ്പെടുന്നുണ്ടെന്നും, ഈ രാജ്യം മറ്റാരുടെയും കൈക്കുള്ളിലാകില്ലെന്നും അദ്ദേഹം എ.എൻ.ഐയോട് വ്യക്തമാക്കി. സുവേന്ദു അധികാരിയുടെ നിലപാടിനെ പിന്തുണച്ച് കേന്ദ്ര മന്ത്രി കിരൺ റിജിജുവും രംഗത്തെത്തി. വിഷയത്തെ അനാവശ്യമായി രാഷ്ട്രീയവൽക്കരിക്കേണ്ടതില്ലെന്നും, ഇത് ദേശീയഗീതമാണെന്ന ബോധ്യം എല്ലാവർക്കും വേണമെന്നുമാണ് റിജിജുവിന്റെ പ്രതികരണം.




Comments