top of page

ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കുന്ന ആദ്യ വിമാനത്താവളമാകാൻ കൊച്ചി

രാജ്യത്തെ വിമാനത്താവളങ്ങളിൽ ആദ്യമായി ഹൈഡ്രജൻ ഫ്യൂവൽ സെൽ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കി കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് (സിയാൽ) ചരിത്രം കുറിക്കുന്നു. ദേശീയ ഗ്രീൻ ഹൈഡ്രജൻ മിഷന്റെ പിന്തുണയോടെ ‘കേരള ഹൈഡ്രജൻ വാലി’ പദ്ധതിയുടെ ഭാഗമായാണ് ഈ വിപ്ലവകരമായ മാറ്റം. പദ്ധതിയുടെ ഭാഗമായി കേരള ഹൈഡ്രജൻ വാലി ഇന്നൊവേഷൻ ക്ലസ്റ്റർ ഫൗണ്ടേഷനും സിയാലും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. ഒരു വർഷത്തിനകം വിമാനത്താവളത്തിൽ മൂന്ന് ഹൈഡ്രജൻ ബസുകൾ സർവീസ് ആരംഭിക്കുന്നതോടെ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിൽ സിയാൽ പുതിയൊരു മാതൃകയാകും.

വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി. രാജീവാണ് ഈ സന്തോഷവാർത്ത അറിയിച്ചത്. സിയാലും ബി.പി.സി.എല്ലും സംയുക്തമായി നിർമ്മിച്ച ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് പ്രവർത്തനം തുടങ്ങുന്നതോടെ ബസുകൾക്ക് ആവശ്യമായ ഇന്ധനം വിമാനത്താവളത്തിൽ തന്നെ ലഭ്യമാകും. ബസുകളുടെ പ്രവർത്തന രീതിയും റൂട്ടുകളും സിയാൽ ഉടൻ തീരുമാനിക്കും. അന്തരീക്ഷ മലിനീകരണം പൂർണ്ണമായും ഒഴിവാക്കുന്ന ഈ പദ്ധതി, വിമാനത്താവളത്തിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം ആഗോളതലത്തിൽ തന്നെ സിയാലിന്റെ ഹരിത മുദ്രയ്ക്ക് കൂടുതൽ തിളക്കം നൽകുകയും ചെയ്യും.

Comments


Commenting on this post isn't available anymore. Contact the site owner for more info.
bottom of page